കോവിഡ് പ്രതിസന്ധിയിൽ നിന്ന് മുക്തരാകുന്നതിനാലും ആവശ്യകത കുതിച്ചുയർന്നതിനാലും കഴിഞ്ഞ വർഷം അവസാനത്തോടെ തന്നെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 90 ഡോളറിലേക്ക് എത്തിയിരുന്നു. അന്ന് എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓപെക്, ഉത്പാദനം വർധിപ്പിക്കാമെന്ന് സൂചിപ്പിച്ചുവെങ്കിലും വാഗ്ദാനം ചെയ്തിരുന്നത്ര അളവിലേക്ക് എത്തിയിരുന്നില്ല. അങ്ങനെ ക്രൂഡ് ഓയിൽ 80 ഡോളറിന് മുകളിൽ തുടരുന്നതിനിടെയിലാണ് കിഴക്കൻ യൂറോപ്പിലെ അയൽ രാജ്യങ്ങളും മുൻ സോ മറ്റ് റിപ്പബ്ളിക്കുകളുമായ റഷ്യയും ഉക്രൈനും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മൂന്നാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യം കൂടിയായ റഷ്യ നേരിട്ട് യുദ്ധത്തിൽ പങ്കെടുത്തതോടെ ക്രൂഡ് ഓയിൽ വില തിളച്ചു മറിയുകയാണ്.
ഇതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ മറികടന്നു. 2008-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വില നിലവാരമാണിത്. ജനുവരി ഒന്നിന് അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 89 ഡോളർ മാത്രമായിരുന്നു. ഇതാണ് രണ്ട് മാസം പിന്നിടുമ്പോഴേക്ക് 14 വർഷത്തിനിടയിലെ ഉയർന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെയും വാതകത്തിന്റേയും ഇറക്കുമതി പൂർണമായും നിരോധിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിർത്തലാക്കാൻ ബ്രിട്ടണും കാനഡയും തീരുമാനിച്ചു. എന്നാൽ റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ജർമ്മനി, ഇറക്കുമതി നിരോധിക്കുമെന്ന നിലപാട് സ്വീകരിക്കാത്തത് ആശ്വാസകരമാണ്.
അതേസമയം, സമീപകാലത്തെ ക്രൂഡ് ഓയിൽ വിലക്കയറ്റത്തിൽ പരിഭ്രാന്തി വേണ്ടെന്ന ഉപദേശവുമായി പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ മേധാവി അരുൺ കുമാർ സിങ് രംഗത്തെത്തി. അടുത്തിടെ വിലയിൽ കുതിച്ചു ചാട്ടമുണ്ടായെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ക്രൂഡ് ഓയിൽ വില 100 ഡോളർ നിലവാരത്തിലേക്ക് താഴുമെന്നാണ് അദ്ദേഹം പറഞ്ഞത്. യുദ്ധം അവസാനിക്കാനുള്ള സാഹചര്യം ഉടലെടുത്താൽ 90 ഡോളറിലേക്കും എണ്ണവില ഇടിയാം. റഷ്യൻ എണ്ണയുടെ വമ്പൻ ഉപഭോക്താക്കളായ യൂറോപ്യൻ രാജ്യങ്ങൾ ഇറക്കുമതി നിരോധിക്കാത്തതും ഭാവിയിലും നിരോധിക്കാനുള്ള സാധ്യത ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അരുൺ കുമാർ സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ വിപണി വില ലോക രാജ്യങ്ങൾക്ക് താങ്ങാനാവുന്നതല്ല. ഉയർന്ന വില നിലവാരം തുടർന്നാൽ അത് ആഗോള സമ്പദ്ഘടനയുടെ വളർച്ച മന്ദഗതിയിലാക്കുകയും ക്രൂഡ് ഓയിലിന്റെ ആവശ്യകത ഇടിയുകയും ചെയ്യും. അത് എണ്ണവിലയെ തിരുത്തലിലേക്ക് നയിക്കും. നിലവിലെ വിപണി വില പോലും ആഗോള ആവശ്യകതയിൽ 2-3 ശതമാനം ഇടിവുണ്ടാക്കാം, ഇത് 20-30 ലക്ഷം ബാരലിന് തുല്യമാണ്. റഷ്യയുടെ എണ്ണ കയറ്റുമതി പ്രതിദിനം 50 ലക്ഷം ബാരലാണ്. അതിനാൽ റഷ്യ സ്വയം കയറ്റുമതി നിരോധിക്കുന്നില്ലെങ്കിൽ എണ്ണവില കുറയാമെന്നും അരുൺ കുമാർ സിങ് ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഏപ്രിലേക്കുള്ള എണ്ണ ഇറക്കുമതിക്കായി ബിപിസിഎൽ നൽകിയ കരാർ റഷ്യ അംഗീകരിച്ചിട്ടുണ്ട്. ഇത് വിതരണ മേഖലയിൽ പ്രശ്നങ്ങളില്ലെന്ന സൂചനയാണ്. നിലവിൽ ആകെ എണ്ണയുടെ 30-40 ശതമാനം വരെയാണ് നേരിട്ട് വിപണിയിൽ നിന്നും വാങ്ങുന്നത്. ബാക്കി ദീർഘകാല കരാറുകളുടെ അടിസ്ഥാനത്തിലുമാണ്. കൂടാതെ ഒരു മാസത്തിൽ കുറയാത്ത ശേഖരവും റീഫൈനറികൾ കരുതാറുണ്ട്. ഏപ്രിലേക്കുള്ള ഇറക്കുമതിയുടെ നടപടി ക്രമങ്ങൾ പൂർത്തിയാകുകയുമാണ്. ഇതോടെ മേയ് മാസം വരെ ക്രൂഡ് ഓയിൽ വിലക്കയറ്റം പേടിക്കേണ്ടതില്ലെന്നാണ് രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല എണ്ണക്കമ്പനിയുടെ മേധാവി സൂചിപ്പിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദീപാവലി ദിനത്തിലാണ് കേന്ദ്ര സർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും വീതം കുറച്ചത്. പിന്നാലെ ചില സംസ്ഥാനങ്ങളും കൂടി നികുതി ഇളവുകൾ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഇന്ധനങ്ങളുടെ ചില്ലറ വിൽപ്പന വില റെക്കോഡ് ഉയരത്തിൽ നിന്നും താഴേക്കെത്തിച്ചു.
എന്നിരുന്നാലും കിഴക്കൻ യൂറോപ്പിലെ സംഘർഷം കാരണം വർധിച്ച ചെലവും നാലു മാസമായി ഇന്ധന വില മാറ്റമില്ലാതെ നിലനിർത്തിയതും മൂലമുള്ള നഷ്ടം മറികടക്കാൻ പൊതുമേഖല എണ്ണക്കമ്പനികൾ ലിറ്ററിന് 12-15 രൂപ വരെ പെട്രോളിനും ഡീസലിനും വർധിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ, നഷ്ടത്തിന്റെ ഭാരം അപ്പാടെ ഉപഭോക്താക്കളിലേക്ക് കൈമാറിയാൽ പണപ്പെരുപ്പം ഉയരാനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കാമെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Join our Telegram Channel : FunDirector
Social Plugin